Thursday, June 24, 2010


അരങ്ങിലെ അനുഭവങ്ങള്‍ .

അച്ചുതന്‍റെ അരങ്ങിലെ അനുഭവങ്ങള്‍ വായിച്ചപ്പോള്‍ വളരെ നിരാശയാണ് തോന്നിയത്. കാരണം, മുംബൈയിലെ മലയാള നാടക രംഗത്ത് സുദീര്‍ഘ കാലത്തെ പ്രവര്‍ത്തന പരിചയം ഉള്ള അദ്ദേഹത്തില്‍ നിന്നും വളരെ അധികം പ്രതീക്ഷിച്ചി- രുന്നു. മഹാനഗരത്തിലെ മലയാള നാടകത്തിന്‍റെ വളര്‍ച്ചയും തളര്‍ച്ചയും തന്‍റെ അനുഭവങ്ങളുടെ പശ്ചാത്തലത്തില്‍ വിശകലനം ചെയ്യുമെന്നതായിരുന്നു പ്രധാന പ്രതീക്ഷ.പക്ഷെ എല്ലാം അസ്ഥാനത്തായി. താന്‍ അവതരിപ്പിച്ച നാടകങ്ങളിലൂടെ ഒരു സ്വയം വിമര്‍ശക ന്‍റെ നിരൂപണ മനോഭാവത്തോടെ കടന്നു പോകുവാന്‍ പോലും അദ്ദേഹം തയ്യാരായീട്ടില്ല.
പല കാര്യങ്ങളും തോന്നുന്നു, കേട്ടു, തുടങ്ങിയ പദങ്ങളുടെ സഹായത്തോടെ -യാണ്, അവസാനിപ്പിക്കുന്നത്. അതിനര്‍ത്ഥം താന്‍ പറയുന്ന കാര്യങ്ങളില്‍ തനിക്കു തന്നെ ഒരു ഉറപ്പോ,വിശ്വാസമോ ഇല്ലായെന്നാണ്.
അവാസ്തവീകതയും അസത്യതയും കൊണ്ടു സമ്പന്നമാണ് ഈ അനുഭവ കുറി -പ്പുകള്‍. അവതരണ ഭംഗിയിലും കലാമൂല്യത്തിലും ഉന്നത നിലവാരം പുലര്‍ത്തിയ പാവം ഉസ്മാന്‍, അന്തപ്പന്‍ ബോംബെ കേരളീയ സമാജത്തിനു വേണ്ടി അവതരിപ്പിച്ച ഗ്രാമം, നമ്പൂതിരിയുടെ ലഹരി, അഗസ്ത്യന്‍റെ ഫോളി -ടോള്‍ എന്നിവ മോശം നാടകങ്ങള്‍ ആയിരുന്നു എന്ന് കേട്ടു പറയുമ്പോള്‍ അതിനു ഒരു വിമര്‍ശനത്തിന്‍റെ പരിവേഷം അല്ല, അസൂയയുടെ ദുര്‍മുഖം ആണുള്ളത്.
വ്യക്തവും ഉദ്ദേശ്യ പൂര്‍ണ്ണവും ആയ തയ്യാറെടുപ്പോടെ അല്ല അച്ചുതന്‍ ഈ അനുഭവ കുറിപ്പുകള്‍ എഴുതിയിരിക്കുന്നത്. തന്നെ തന്നെ മഹത്വത്കരിക്കുവാ നും ആരെയൊക്കെയോ ചെളി വാരി എറിയുവാനുമാണ്.

Monday, March 1, 2010

ഒരു കലാകാരനെ അയാളുടെതല്ലാത്ത കാരണങ്ങളാല്‍ കലാപ്രവര്‍ത്തനങ്ങളില്‍ നിന്നും വിലക്ക് കല്പിക്കുക , അയാളെ ശാരീരികമായും മാനസീകമായും ദ്രോഹിക്കുവാന്‍ ശ്രമിക്കുക ഒറ്റപ്പെടുത്തുക, എന്നൊക്കെ പറഞ്ഞാല്‍, അത് നമ്മുടെ സാംസ്കാരീക കേരളത്തിനു വളരെയേറെ പേരുദോഷം ഉണ്ടാക്കുന്ന ഒരു വസ്തുതയാണ്. പ്രശ്നങ്ങള്‍ അന്വേഷിച്ചറിഞ്ഞു ,തികച്ചും പക്വതയോടെ പരിഹാര നിര്‍ദ്ദേശങ്ങള്‍ അവതരിപ്പിക്കുവാന്‍ ബാധ്യത ഉള്ളവരാകട്ടെ അതിനു ശ്രമിക്കാതെ തെരുവ് പെണ്ണുങ്ങളെപോലെ പരസ്പരം പുലഭ്യങ്ങള്‍ പറയുക, ഇതൊക്കെ സമകാലീന കേരളത്തിന്‍റെ മുഖമുദ്രയാവുകയാണോ, ഭീതിപൂര്‍വ്വം സംശയിച്ചു പോവുകയാണ്.

തിലകന്‍ പ്രശ്നത്തില്‍ അമ്മയെന്ന താര സംഘടനയും അതിന്‍റെ നേതൃസ്ഥാനത്ത് ഇരിക്കുന്നവരും സ്വീകരിച്ച നിലപാടുകള്‍ യുക്തവും സുതാര്യവുംa സുവ്യക്തവും ആണെന്ന് ചിന്തിക്കുവാന്‍ കഴിയില്ല. കരാര്‍ ചെയ്യപ്പെട്ട ചിത്രങ്ങളില്‍ നിന്നും തന്നെ അകാരണമായി ഒഴിവാക്കുന്നു എന്ന് ഒരു മുതിര്‍ന്ന നടന്‍ വേദനയോടെ പറയുമ്പോള്‍ അതില്‍ എത്രമാത്രം സത്യം ഉണ്ടെന്നു അന്വേഷിച്ചു അറിയേണ്ട ഒരു സംഘടന ചില സാങ്കേതികo കാരണങ്ങള്‍ പറഞ്ഞു അവഗണിക്കുന്നത് പ്രശ്നങ്ങളില്‍ പലരും പങ്കാളികള്‍ ആണെന്ന സംശയം ജനിപ്പിക്കുന്നു. കലാകേരളത്തിന് അപമാനം ഉണ്ടാക്കുന്നതാണ് ഇത്തരം സംശയങ്ങളും അതിനു ഇടയാക്കുന്ന സാഹചര്യങ്ങളും.

പ്രശ്നം പരിഹരിക്കുവാന്‍ അമ്മയെന്ന താര സംഘടനയും മോഹന്‍ലാലിനെ പോലെയുള്ള മുതിര്‍ന്ന താരങ്ങളും മോന്നോട്ടുവരണംഎന്ന് കേരള ജനത ഗുരു തുല്യനായി ബഹുമാനിക്കുന്ന സുകുമാര്‍ അഴീക്കോടിനെപോലെയുള്ള , ഒരു സംസ്കാരീക നായകന്‍ ആവശ്യപ്പെടുമ്പോള്‍, തട്ടുപൊളിപ്പന്‍ സിനിമയിലെ മൂന്നാംകിട നായകന്‍റെ ജല്പന്ന സമാനമായ സംഭാഷണം കടം എടുത്തത് ആക്ഷേപിക്കുന്ന നായക നടന്‍ മലയാള സിനിമയുടെ ശാപമാണ്. തീര്‍ച്ചയായും അദ്ദേഹം ഏതാനും നല്ല സിനിമകളില്‍ അഭിനയിച്ചീട്ടുള്ള നടനാണ്‌ . പക്ഷെ ആ കഥാപാത്രങ്ങള്‍ക്ക് ക്ഷണികമായ ആയുസ് മാത്രമാണ് ഉള്ളതെന്ന സത്യം അദ്ദേഹം മറന്നു. എന്നെന്നും കഥാപാത്രത്തെ സ്വന്തമായി ഇല്ലാത്തയാളാണ് ത്വത്തമാസി എഴുതിയ അഴീക്കോടിനെ മതിഭ്രമം പിടിച്ചയാള്‍ എന്ന് പറഞ്ഞു ആക്ഷേപിച്ചത് . ഫാന്‍സ്‌ ക്ലബുകാര്‍ സഹായത്തിനു ഉണ്ടെന്ന ധൈര്യത്തിലയിരിക്കാം അദ്ദേഹം ഇത്രയും വലിയ ഗുരുനിന്ദയ്ക്ക് തയാറായത്. അഞ്ചു ചിത്രം തുടര്‍ച്ചയായി പരാജയപ്പെടുകയും ശക്തനായ ഒരു പിന്ഗാമി വരുകയും ചെയ്യുന്നത് വരെ മാത്രമേയുള്ളൂ ഇന്നത്തെ ഫാന്‍സ്‌ അസോസ്സിയേഷന്‍ എന്ന സത്യം അദ്ദേഹം മറന്നുപോയി.
പണ്ടു ഇവിടെ ഒരു നടന്‍ ഉണ്ടായിരുന്നു. അനുഗ്രഹിതനായ അദ്ദേഹം വേഗം പ്രശസ്തി നേടുവാന്‍ അഭിനയത്തില്‍ ചിലപ്പോഴൊക്കെ സാക്ഷാല്‍ അഭിനയ ചക്രവര്‍ത്തിയെ തന്നെ അനുകരിക്കുവാന്‍ ശ്രമിച്ചു . ആ ശ്രമം പക്ഷെ ജനം ക്ഷമിച്ചില്ല . അതിനാല്‍ അയാള്‍ക്ക്‌ എന്നെന്നെയ്ക്ക്മായി വീട്ടില്‍ ഇരിക്കേണ്ടി വന്നു. അതാണ്‌ മലയാള സിനിമയുടെ ആസ്വാദക സ്വഭാവം. ഫാന്‍സ് ക്ലബിന്റെ പിന്‍ ബലത്തില്‍ സ്വയം മറക്കുന്ന താരം ഈ കാര്യം അറിഞ്ഞിരിക്കേണ്ടത് അനിവാര്യമാണ് .

Friday, November 6, 2009

Friday, October 23, 2009

Thursday, August 27, 2009

പ്രതികരണം

സിനിമയ്ക്ക് അമിത പ്രധാന്യ്ത നല്‍കുന്നത് ആപത്തു ആണെന്നാണ് സൂര്യ കൃഷ്ണ മൂര്‍ത്തി അഭിപ്രായ പ്പെടുന്നത്. ഒരു പരിതി വരെ അത് ശരിയാണെന്ന് സമ്മതിക്കാം. നാടകത്തെ ദുരൂഹ മയമാക്കിയതാണ്, ആ കലയുടെ തകര്‍ച്ചയ്ക്ക് കാരണം എന്ന് പറയുന്നതും സമ്മതിക്കവുന്നതാണ്. പക്ഷെ സൂര്യ കൃഷ്ണ മൂര്‍ത്തി അങ്ങനെ പറയുമ്പോള്‍ അതില്‍ എത്ര മാത്രം ആത്മാര്‍ത്ഥ ഉണ്ടെന്ന കാര്യത്തില്‍ ഞാന്‍ സംശയാലുവാണ്. അരങ്ങില്‍ പ്രകാശവും നിഴലും സമന്വയിപ്പിച്ച് വര്‍ണ കാഴ്ചകള്‍ ഒരുക്കി ആസ്വാദനത്തിനു പുതിയ (എന്ന് പറയുവാന്‍ കഴിയുമോ -?)മാനങ്ങള്‍ തീര്‍ക്കുവാന്‍ ശ്രമിച്ചു എന്നത് കൊണ്ട് മാത്രം അദ്ദേഹത്തെ പൂര്‍ണമായി അം ഗികരിക്കണം എന്ന് വാശി പിടിക്കാന്‍ കഴിയില്ല. സത്യത്തില്‍ ദുരൂഹത ആയിരുന്നില്ല നാടകത്തിന്‍റെ തകര്‍ച്ചയ്ക്ക് കാരണം. സ്വയം ബുദ്ധി ജീവി ചമഞ്ഞ നാടകക്കാരന്‍ ആദ്യം തന്നെ ചെയ്തത് ആസ്വാദകനെ അവഗണിക്കുകയും അകറ്റി നിറുത്തുകയും ചെയ്തു. മറ്റൊരു വിഭാഗം നാടകത്തിനെ സിനിമയുമായി കൂട്ടിക്കുഴക്കുവാന്‍ ശ്രമിച്ചു. നാടകം കാണുവാന്‍ സഭയില്‍ എത്തിയവര്‍ക്ക് നാടകം എന്ന പേരില്‍ എന്തൊക്കെയോ കാണേണ്ടി വന്നു. സ്വാഭാവികമായും അതവനില്‍ വിരസതയുണ്ടാക്കി . ഈ വിരസ നാടകങ്ങളുടെ നിരയില്‍ സൂര്യയുടെ നാടകങ്ങളും കാണാം. കഴിഞ്ഞ വര്‍ഷം മുംബെയില്‍ അവതരിപ്പിച്ച സൂര്യയുടെ നാടകങ്ങള്‍ ശരാശരി നിലവാരം പുലര്‍ത്തുന്നവ ആയിരുന്നില്ല എന്ന് മാത്രമല്ല അസാരം വിരസമയവും ആയിരുന്നു. പലപ്പോഴും ആസ്വാദക ബുദ്ധിയെയും അയാളുടെ യുക്തി ബോധത്തെയും പരിഹസ്സിക്കുന്നതുമായിരുന്നു അവ. കലാമൂല്യവും പൌരാണീക പ്രധാന്യതയും ശാസ്ത്രീക സ്വഭാവം ഉള്ളതുമായ കലകള്‍ അവതരി- പ്പിക്കുന്നതില്‍ സൂര്യ കാണിച്ചിരുന്ന ആര്‍ജ്ജവത്തെ അംഗീകരിക്കുമ്പോള്‍ തന്നെ
നാടകത്തിന്‍റെ കാര്യത്തില്‍ അദ്ദേഹം ഏറെ മുന്നോട്ടു പോയില്ല എന്ന് പറയാതിരിക്കുവാന്‍ കഴിയില്ല. സിനിമയ്ക്ക് പ്രാധാന്യം നല്‍കിയത് കൊണ്ടു നാടകം നശിക്കും എന്നത് കേവലം മൂഡ വിശ്വാസം മാത്രമാണ്. നാടകം നാടകമാണെന്നും സിനിമ സിനിമയാണെന്നും തിരിച്ചറിയുവാന്‍ കഴിയുന്നവരാണ് ആസ്വാദകര്‍. സൂര്യ കൃഷ്ണ മൂര്‍ത്തിയെപ്പോലുള്ളവര്‍, അവരെ വഴി തെറ്റിപ്പിക്കതിരുന്നാല്‍ മതി.

Tuesday, August 25, 2009

വിധി (ഒരു തിരക്കഥ )


സീന്‍-ഒന്നു .
സമയം - രാത്രി.
തെരുവോരം


നിറഞ്ഞ അന്ധകാരത്തിനു മുകളില്‍ ഉയര്‍ന്നു കേള്‍ക്കുന്ന കൃസ്ത്യന്‍ പള്ളിയില്‍ നിന്നുമുള്ള മണിനാദം. അതിന്‍റെ തുടര്‍ച്ച എന്നോണം അമ്പലത്തില്‍ നിന്നും ശംഖ് നാദവും മുസ്ലിം പള്ളിയില്‍ നിന്നും വാങ്കു വിളിയും കേള്‍ക്കുന്നു.

വാങ്കു വിളിയുടെയും ഗായത്രി മന്ത്രങ്ങളുടെയും പശ്ചാത്തലത്തില്‍ ഉയര്‍ന്നു കേള്‍ക്കുന്ന ബൈബിള്‍ വചനങ്ങള്‍ :-

ആദിയില്‍ വചനം ഉണ്ടായി .
വചനം രൂപമായി ,
ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ചു
ആകാശവും ഭൂമിയും ശൂന്യവും ഇരുള്‍ നിറഞ്ഞതും ആയിരുന്നു
ആകാശത്തിനും ഭൂമിയ്ക്കും അധിപനായി ദൈവം മനുഷ്യനെ
സൃഷ്ടിച്ചു.

ബൈബിള്‍ വചനങ്ങള്‍ ലോപിച്ച് അവ്യക്ത്മാകുന്നതോടെ, തെളിയുന്ന തെരുവിന്‍റെ മറ്റൊരു ദൃശ്യം .

സീന്‍-ഒന്നു-എ .

ചേരിയിലെ കുടലിനു മുന്‍ഭാഗം
രാത്രി

നിരത്തിനോടു ചേര്‍ന്നുള്ള ചേരിയിലെ കുടിലിനു മുമ്പില്‍ ഇട്ടിരിക്കുന്ന കയറ്റു കട്ടിലിലില്‍ തണുപ്പില്‍ നിന്നും രക്ഷ നേടുവാന്‍ മുഴിഞ്ഞു കീറിയ കമ്പിളി പുതപ്പു
കൊണ്ടു പുതച്ചു മൂടി ചുരുണ്ടു കിടന്നു ഉറങ്ങുകയാണ്‌വൃദ്ധന്‍ . കട്ടിലിനു താഴെ തൊട്ടരുകില്‍ തെരുവു നായയും .
നഗരത്തിന്‍റെ ഹൃദയ മിടിപ്പ് പോലെ ശബ്ദം ഉണ്ടാക്കിക്കൊണ്ട് സബര്‍ബന്‍ ട്രെയിന്‍ കടന്നു പോയി . ട്രെയിനിന്‍റെ ശബ്ദം കേട്ടു ഉറക്കം മുറിഞ്ഞ വൃദ്ധന്‍ ചിലമ്പിച്ച ശബ്ദത്തില്‍ ഏറെ നേരം ചുമച്ച ശേഷം തിരിഞ്ഞു കിടന്നു വീണ്ടും ഉറങ്ങുവാന്‍ തുടങ്ങി .
തകര പാട്ടയും ചാക്ക് കഷണങ്ങളും കൊണ്ടു തീര്‍ത്ത കുടിലിനു ഉള്ളില്‍ നിന്നും കുഞ്ഞിന്‍റെ കരച്ചില്‍ . ചാക്കു മറയുടെ അപ്പുറത്ത് വിളക്ക് തെളിഞ്ഞു. മറ വകഞ്ഞു നീക്കി ഒരു മധ്യ വയസ്ക്കന്‍ പുറത്തു വന്നു. മുഴിഞ്ഞ പോക്കറ്റില്‍ നിന്നും ഏതാനും കറന്‍സി നോട്ടുകള്‍ എടുത്ത്‌ അകത്തേക്ക് എറിഞ്ഞ ശേഷം അയാള്‍ നടന്നു അകന്നു.

സീന്‍ -രണ്ട്
നഗര പാത .
രാത്രി

നഗര പാതയുടെ ഓരത്തുള്ള കുപ്പ തോട്ടിയുടെ അരുകില്‍ കൈക്കാലുകള്‍ ഉയര്‍ത്തി ഉറക്കെ കരയുന്ന കുഞ്ഞിന്‍റെ സമീപ ദൃശ്യം. കരയുന്ന കുഞ്ഞിനു കാവല്‍ എന്നോണം തൊട്ടരുകില്‍ ഇരിക്കുന്ന തെരുവു നായ.
സമീപത്തുള്ള പള്ളിയില്‍ നിന്നും ഇറങ്ങി വന്ന പുരോഹിതന്‍ അതിലെ കടന്നു പോയി.
നായയുടെ വീക്ഷണത്തില്‍ കുഞ്ഞിന്‍റെ അടുത്തേയ്ക്ക് നടന്നടുക്കുന്ന പുരോ- ഹിതന്‍ . നായയുടെ മുഖത്ത്‌ പ്രത്യാശയുടെ തിളക്കം . അടുത്ത നിമിഷത്തില്‍ തങ്ങളെ ശ്രദ്ധിക്കാതെ കടന്നു പോകുന്ന പുരോഹിതനെ അമര്‍ഷത്തോടെ നോക്കി നായ മുറുമുറുത്തു.
നായയുടെ വീക്ഷണത്തില്‍ നടന്നകന്നു പോകുന്ന പുരോഹിതന്‍ .

സീന്‍ -രണ്ട് -എ .

കാറില്‍ വരുന്ന ന്യായാധിപന്‍. രാവേറെ ആയതുകൊണ്ടായിരിക്കണം കാറിലെ പുറകിലെ സീറ്റില്‍ അര്‍ത്ഥ മയക്കത്തിലാണ് അദ്ദേഹം . കുഞ്ഞിന്‍റെ
അരുകില്‍ നിന്നും വഴിയുടെ മദ്ധ്യത്തിലേക്ക്‌ ഇറങ്ങി വന്ന നായ കാറിനെ നോക്കി കുരച്ചു ശബ്ദം ഉണ്ടാക്കി.
മുന്നോട്ടു പോകുവാന്‍ കഴിയാതെ ഡ്രൈവര്‍ കാര്‍ നിര്‍ത്തി . കാറിന്‍റെ വിന്‍ഡോ
യിലൂടെ കുഞ്ഞിനെ നോക്കിയ ന്യായാധിപന്‍ അവ്യക്തമായി എന്തോ പറഞ്ഞു . ഡ്രൈവര്‍ വണ്ടി മുന്നോട്ടെടുത്തു .
നായയുടെ വീക്ഷണത്തില്‍ നഗര പാതയിലൂടെ ചീറി പാഞ്ഞു അകന്നു പോകുന്ന കറുത്ത കാര്‍ .

സീന്‍-മൂന്ന്‌
നഗരപാത
രാത്രി.

പിഞ്ചു കുഞ്ഞു കിടന്നിരുന്നിടത്തു ഇപ്പോള്‍ ഉറങ്ങുന്നതു ഒരു യുവാവാണ് . അയാള്‍ മദ്യലഹരിയിലാണ്. അയാളുടെ അരുകില്‍ ഉപയോഗിച്ച സിറിഞ്ചും മരുന്നു കുപ്പികളും അലക്ഷ്യമായി ഇട്ടിരിക്കുന്നു .
സമീപത്തു പഴയ നായ .അതിന്‍റെ കണ്ണുകളില്‍ തെളിയുന്ന വികാരം സഹതാപമോ, നിസ്സംഗതയോ-?.
വ്യക്തമല്ല.
ഒരു കറുത്ത കാര്‍ അയാളുടെ അടുത്ത് വന്നു നിന്നു . അതില്‍ നിന്നും പുറത്തേയ്ക്ക് നീണ്ട കൈ ഒരു പൊതി . മയക്കത്തില്‍ നിന്നും ഉണര്‍ന്ന യുവാവ് ആ പൊതി വാങ്ങി .
കാര്‍ ഇരമ്പി പാഞ്ഞു പോയി .
ലഹരി മരുന്നുകള്‍ അടങ്ങിയ പൊതിയിലേക്ക് ആര്‍ത്തിയോടെ നോക്കുന്ന ആ യുവാവിന്‍റെ ആവേശം നിറഞ്ഞ മുഖത്തിന്‍റെ സമീപ ദൃശ്യം . ആ ദൃശ്യത്തിനു മുക ളില്‍ പതിക്കുന്ന പോലീസ് സൈറന്‍. യുവാവിന്‍റെ ഭീതി പൂണ്ട മുഖം.

സീന്‍-നാല്

കോടതി.
പകല്‍

കോടതി മുറിയില്‍ വിചാരണക്കായി പ്രതിക്കൂട്ടില്‍ നില്ക്കുന്ന യുവാവ് . ന്യായ - സനത്തില്‍ പഴയ ന്യായാധിപന്‍ . സാക്ഷികൂട്ടില്‍ ആ പഴയ പുരോഹിതന്‍ . ന്യായാസനത്തിന് അരുകില്‍ കൈയില്‍ നീതിയുടെ ത്രാസ്സുമായി നീതി ദേവതയുടെ
പ്രതിമ.
തട്ടുകള്‍ താഴുകയും പൊങ്ങുകയും ചെയ്യുന്നു .
കോടതി മുറിയുടെ പുറത്തു ഇരിക്കുന്ന നായയുടെയും മുഖം താഴുകയും പൊങ്ങു കയും ചെയ്യുന്നു .
ന്യായാധിപന്‍
പുരോഹിതന്‍
ചെറുപ്പക്കാരന്‍
നായ
വിവിധ വികാരങ്ങള്‍ തെളിയുന്ന മുഖങ്ങള്‍
പള്ളിമണി നാദം
ശംഖ് നാദം
വാങ്ക് വിളി
സബര്‍ബന്‍ ട്രെയിനിന്‍റെ ശബ്ദം
ശബ്ദങ്ങള്‍ വേഗത്തിലാകുന്നു
തട്ടുകളുടെ ആട്ടവും
അകലെ പിഞ്ചു കുഞ്ഞിന്‍റെ കരച്ചില്‍
പളത്തിലൂടെ അകന്നകന്നു പോകുന്ന ട്രെയിനിന്‍റെ പിന്നില്‍ നിന്നുമുള്ള ദൃശ്യം കണ്ണില്‍ നിന്നും മറയുന്നത്തോടെ എല്ലാം അവസാനിക്കുന്നു.